Monday 31 March 2014

"നീല ഞരമ്പുകളുള്ള സുന്ദരി"

മംഗലാപുരം കോയമ്പത്തൂർ ഇന്റർ സിറ്റി എക്സ്പ്രസ്സ്‌ പാലക്കാട് സ്റ്റേഷനിൽ എത്തിയ അതേ സമയത്തായിരുന്നു രവി കൂമൻ കാവിൽ ബസ്സിറങ്ങിയത്.പുസ്തകങ്ങൾ ആവർത്തിച്ചു വായിക്കുന്ന ശീലം എനിക്കില്ല.ഒരു മനുഷ്യായുസ്സു മുഴുവൻ വായിച്ചാലും തീരാത്തത്രയും പുസ്തകങ്ങൾ ഇനിയും വായിക്കാനുണ്ട് എന്ന തിരിച്ചറിവാകാം കാരണം.ഖസാക്കിൻറെ ഇതിഹാസം എന്നെ പിന്നെയും പിന്നെയും ആകർഷിക്കുകയാണ്. ഇതിഹാസങ്ങൾ ഇതിഹാസങ്ങളാവുന്നത് ഈ ആകർഷണ ശക്തി കൊണ്ടാവാം.

കുറച്ചു കഴിഞ്ഞു മുഖമുയർത്തി നോക്കിയപ്പോഴാണ് കാണുന്നത് മുന്നിൽ ഒരു പെണ്‍കുട്ടി ഇരിക്കുന്നു.മൈമുനയേപ്പോലെ കൈകളിലും കഴുത്തിലും നീല ഞരമ്പുകളുള്ള ഒരു സുന്ദരി.

( അവൾ കുപ്പായത്തിന്റെ കൈ തെരുത്തു കേറ്റി.രവി ആ കൈയിലെ നീല ഞരമ്പുകളിലേക്ക് നോക്കി.
"ഹായ് ,എത്ക്ക് പാക്കറത്?" അവൾ ചോദിച്ചു.
"ആ നീലഞരമ്പ്‌ നോക്കിയതാ ," രവി പറഞ്ഞു.
"പാക്കക്കൂടാത്," മൈമുന പറഞ്ഞു. )

പുസ്തകം അടച്ചു വെച്ചു.പുറം കാഴ്ചകൾ.പാടങ്ങൾ.കരിമ്പനകൾ.മേഘങ്ങളിൽ മുഖമൊളിപ്പിക്കുന്ന മലകൾ.വിതുമ്പി നില്ക്കുന്ന ആകാശം."ചെലയപ്പൊ ന്ന് മഷ പെയ്യും."ദൂരെ വെളുത്ത വരകൾ പോലെ അരുവികൾ ഒഴുകിയിറങ്ങുന്ന ഒരു മല കണ്ടു.അതാവാം ചെതലി മല.അവിടെയാവാം ഷെയ്ഖ് തമ്പിരാന്റെ കല്ലറ.ചിന്തകളിൽ സ്വയം നഷ്ടപ്പെട്ടു തിരിച്ചു വന്നപ്പോൾ മുന്നിലിരുന്ന മൈമുനയെ കാണാനില്ല.മുഖം കഴുകാൻ പോയതായിരുന്നു.മുന്നിലേക്ക്‌ പാറി വീണ മുടിയിഴകൾ നനഞ്ഞു നെറ്റിയോടു പറ്റി കിടന്നു.അവളെത്തന്നെ നോക്കിയിരുന്നു.ഇടക്കെപ്പോഴോ കണ്ണുകൾ തമ്മിലിടഞ്ഞു.

( "ഈ മുറിക്യെ കുപ്പായട്ടാല് ഉഷ്ണിയ്ക്കില്ലേ?" രവി ചോദിച്ചു.
മൈമുന മറുപടി പറഞ്ഞില്ല.
അവളെണീറ്റു.
"പോറേൻ" അവൾ പറഞ്ഞു.
" ഇരിയ്ക്കൂ, മൈമുനേ."
"മാട്ടേൻ .പോറേൻ."
"എവിടെ പോവ്വാ ഇപ്പഴ്?"
"ഒടമ്പ് പൂരാ വെശർപ്പ്," മൈമുന പറഞ്ഞു."കുളിയ്ക്കപ്പോറേൻ."
നട്ടുച്ചയുടെ മയക്കത്തിൽ അവൾ ഈറനുടുത്തു തിരിച്ചു വന്നു.അവൾ രവിയുടെ മുൻപിൽ വന്നു നിന്നു.നീലഞരമ്പോടിയ അരക്കെട്ടിനെ ചുറ്റിയ കറുത്ത പട്ടുചരടിൽ ഒരു രക്ഷായന്ത്രം ഞാന്നു കിടന്നു. )

മനസ്സിൽ മോല്ലാക്കയെഴുതിയ പഴയ സന്മാർഗ ഗീതം ആരോ പാടി:
"ഇബിലീസിന്റെ കൂടെ പോഹാതെടാ
നല്ല വഴിയെ നടടാ,നടടാ,നടടാ,നടടാ,
നടടാ,നടടാ,ടടാം,ടടാം."

ട്രെയിൻ അവസാന സ്റ്റേഷനിൽ എത്തി.ആൾക്കൂട്ടം ഒഴുകി.അവൾ ആൾക്കൂട്ടത്തിൽ അലിഞ്ഞുചേർന്നു.ഞാനും ആ തിരക്കിൽ സ്വയം നഷ്ടപ്പെട്ടു നിന്നു.

മരണം

എന്നെ ഉമ്മക്കൊതിയനാക്കിയത് അവളാണ്.
അവൾക്ക് ഉമ്മകൾ പൂക്കുന്നൊരു മരമുണ്ടായിരുന്നു. 
ഞങ്ങളതിൽ ഊഞ്ഞാല് കെട്ടിയാടി,
ചില്ലകൾക്കിടയിലൂടെ നിലാവ് കണ്ടു കിടന്നു, 
അവളെന്നെ ഉമ്മ തന്നൂട്ടി,ഉമ്മ തന്നുറക്കി.
ഇന്നലെയെപ്പോഴോ അവളാ മരം വെട്ടിക്കളഞ്ഞു. 
കൂടെ ഞാനും മരിച്ചു.

വേനല്‍ക്കാലം മാമ്പൂവിനോട് പറഞ്ഞത്

വേനല്‍ക്കാലം
മാമ്പൂവിനോടൊരു
കഥ പറഞ്ഞു..
ചുറ്റിനും പറന്നിരുന്ന
തുമ്പികളെക്കുറിച്ച്,
പൂമ്പാറ്റകളെക്കുറിച്ച്.
ഒന്നും മനസ്സിലാവാതെ
മാമ്പൂ ചോദിച്ചു
"ആരാണിവരൊക്കെ?"

വെറും രണ്ടുപേർ

നാമൊരിക്കലും
മീന്‍ കുഞ്ഞുങ്ങളായി
മണല്ക്കൂനകളില്‍
ഒളിച്ചു കളിച്ചിട്ടില്ല.
ഒരുമിച്ചു കൈകോര്‍ത്തു
കാറ്റിനെ ഓടിതോല്പിക്കാന്‍
നോക്കിയിട്ടില്ല.
ഓടി തളര്‍ന്നു
കണ്ണില്‍ കണ്ണില്‍ നോക്കി
ഒരേ താളത്തില്‍
കിതപ്പാറ്റിയിട്ടില്ല.
ഒരു രാത്രിയിലും
അരണ്ട മുറിയിലിരുന്നു
നിഴല്‍ ചിത്രങ്ങള്‍
ഉണ്ടാക്കി കളിച്ചിട്ടില്ല.
ഞാനുണ്ടാക്കിയ മാന്‍കുഞ്ഞു
നിന്റെ കവിളത്ത്
ഉമ്മ വെച്ചിട്ടില്ല.
കാരണം,
നമ്മളിതുവരെ പ്രണയിച്ചിട്ടില്ല
നമ്മളെന്നും
ഞാനും നീയും മാത്രമായിരുന്നു..